അടുത്ത സാമ്പത്തിക വര്‍ഷം ജിഡിപി 8% ത്തില്‍ താഴുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയുടെ ജി ഡി പി വളര്‍ച്ച താഴേക്കോ? അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജി ഡി പി വളര്‍ച്ച 7.9 ശതമാനമായിരിക്കുമെന്ന് മോര്‍ഗന്‍ ആന്റ് സ്റ്റാന്‍ലി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഇന്ധന വില ഉയരുന്നത് ഇന്ത്യയുടെ വളര്‍ച്ചയുടെ വേഗം കുറയ്ക്കുമെന്നാണ് വ്യക്തമാക്കുന്നത്.
2022 ഏപ്രില്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ചു. ഇന്ധനത്തിന്റെയും മറ്റ് വസ്തുക്കളുടെയും വില വര്‍ധന രാജ്യത്തെ ദോഷകരമായി ബാധിക്കും.
വാണിജ്യ-വ്യാപാര മേഖലയെ ഇത് തിരിച്ചടിക്കും. നിക്ഷേപകരെയും സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുമെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ വിലക്കയറ്റം ആറ് ശതമാനമായിരിക്കുമെന്നും കരണ്ട് അക്കൗണ്ട് ഡെഫിസിറ്റ് പത്ത് വര്‍ഷത്തിലെ ഉയര്‍ന്ന നിരക്കായ മൂന്ന് ശതമാനത്തിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
രാജ്യത്തെ ഇന്ധന ഉപഭോഗത്തിന്റെ 85 ശതമാനത്തിനും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. റഷ്യ - യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ധന വില 14 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കായ 140 ഡോളറിലേക്ക് എത്തി. അതിനാല്‍ തന്നെ സമീപ ഭാവിയില്‍ തന്നെ രാജ്യത്തെ ഇന്ധന വില കുതിച്ചുയരുമെന്നാണ് കരുതുന്നത്. സാധനങ്ങളുടെയാകെ വില വര്‍ധിക്കാന്‍ ഇത് ഇടയായേക്കുമെന്നും സൂചനകളുണ്ട്.